2011 ഡിസംബർ 2, വെള്ളിയാഴ്‌ച

എവിടെയും ഉത്തരങ്ങള്‍ തേടി
നിറഞ്ഞു ശേഷിച്ചത്
പിന്നെയും പിന്നെയും ചോദ്യങ്ങള്‍..
സ്വയം ചോദിച്ചു സമനില തെറ്റുമ്പോള്‍
വാക്കുകളും നാക്കും എന്നെ കബളിപ്പിക്കുന്നു..
ഒന്നും പറയാനില്ലാത്തവളുടെ വായില്‍ നിന്ന്
നാക്ക് പുറത്തേക്കു ഓടുന്നു..
അഭിനയമറിയാത്ത നിസ്സഹായതയുടെ മുഖം
ആള്‍ക്കൂട്ടത്തില്‍ ഒറ്റപ്പെടുത്തുന്നു..
നിസ്സംഗതയുടെ മൂടുപടം പുതച്ചു
ഞാനെന്‍റെ മുറിയുടെ വാതിലടച്ചു..
ഉത്തരത്തില്‍ ചോദ്യചിഹ്നം പോലെ
വാല്‍ വളച്ചു ഒരു പല്ലി..
സ്വപ്നത്തില്‍ ഉത്തരത്തില്‍ തൂങ്ങുന്ന
ഒരു ജഡം...
തോല്‍ക്കാനിഷ്ടമല്ലാത്തത് കൊണ്ട്
(അതോ ജയിക്കാനോ..)
ചോദ്യങ്ങളെല്ലാം ഭംഗിയായി പൊതിഞ്ഞു..
ആള്‍ക്കൂട്ടത്തിലേക്ക് എറിഞ്ഞു..
തിരിച്ചറിവിന്റെ ഒന്നാം പാഠം..
ചോദ്യങ്ങള്‍ക്കൊപ്പം നഷ്ടപ്പെട്ടത്
'ഞാന്‍' തന്നെയായിരുന്നു..
ഇനിയും ചോദ്യങ്ങള്‍ വാല്‍ വളക്കും മുന്‍പേ..
ഞാന്‍ ഇറങ്ങട്ടെ ആള്‍ക്കൂട്ടത്തിലേക്ക്..
കാരണം; എനിക്ക് ഞാനാവണ്ട..

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ