2011, ഡിസംബർ 2, വെള്ളിയാഴ്‌ച

എവിടെയും ഉത്തരങ്ങള്‍ തേടി
നിറഞ്ഞു ശേഷിച്ചത്
പിന്നെയും പിന്നെയും ചോദ്യങ്ങള്‍..
സ്വയം ചോദിച്ചു സമനില തെറ്റുമ്പോള്‍
വാക്കുകളും നാക്കും എന്നെ കബളിപ്പിക്കുന്നു..
ഒന്നും പറയാനില്ലാത്തവളുടെ വായില്‍ നിന്ന്
നാക്ക് പുറത്തേക്കു ഓടുന്നു..
അഭിനയമറിയാത്ത നിസ്സഹായതയുടെ മുഖം
ആള്‍ക്കൂട്ടത്തില്‍ ഒറ്റപ്പെടുത്തുന്നു..
നിസ്സംഗതയുടെ മൂടുപടം പുതച്ചു
ഞാനെന്‍റെ മുറിയുടെ വാതിലടച്ചു..
ഉത്തരത്തില്‍ ചോദ്യചിഹ്നം പോലെ
വാല്‍ വളച്ചു ഒരു പല്ലി..
സ്വപ്നത്തില്‍ ഉത്തരത്തില്‍ തൂങ്ങുന്ന
ഒരു ജഡം...
തോല്‍ക്കാനിഷ്ടമല്ലാത്തത് കൊണ്ട്
(അതോ ജയിക്കാനോ..)
ചോദ്യങ്ങളെല്ലാം ഭംഗിയായി പൊതിഞ്ഞു..
ആള്‍ക്കൂട്ടത്തിലേക്ക് എറിഞ്ഞു..
തിരിച്ചറിവിന്റെ ഒന്നാം പാഠം..
ചോദ്യങ്ങള്‍ക്കൊപ്പം നഷ്ടപ്പെട്ടത്
'ഞാന്‍' തന്നെയായിരുന്നു..
ഇനിയും ചോദ്യങ്ങള്‍ വാല്‍ വളക്കും മുന്‍പേ..
ഞാന്‍ ഇറങ്ങട്ടെ ആള്‍ക്കൂട്ടത്തിലേക്ക്..
കാരണം; എനിക്ക് ഞാനാവണ്ട..

2011, ഒക്‌ടോബർ 30, ഞായറാഴ്‌ച

നമ്മുടെ പ്രണയം...

പ്രണയം ഇങ്ങനെയുമുണ്ട്...
സംഭവിച്ചു പോകുന്നവ...
നമുക്കിടയിലെതുപോലെ...
കാലം തെറ്റി പെയ്യുന്ന ഒരു മഴ പോലെ...
നിനചിരിക്കാതേ...ഒരു സൂചന പോലും തരാതെ...
പൊടുന്നനെ...
അത്രയേറെ ശക്തമായി..
നിറഞ്ഞു പെയ്യും..
മരം കണ്ണുകളടച്ചു, തല കുനിച്ചു നില്‍ക്കും...
എത്ര വേനല്‍ക്കാല ദാഹമാണ്
ഇവിടെ തീരുന്നത്..
പല താളത്തിലും മഴ പറയുന്നു...
ഇതാണ് നിന്റെ ജീവിതം..
അതെ..ഇത് തന്നെ..
പക്ഷേ...മഴപ്പിറ്റെന്നു..
മരമൊന്നു ഉണരുമ്പോഴേക്ക്..
സൂര്യവെളിച്ചം മാത്രം..
ഒരു തണുപ്പ് മാത്രം ബാക്കിയാക്കി...
എത്ര അകലെയാണ്..
നീ മറഞ്ഞത്..
എങ്കിലും എനിക്കിത് മതി..
ഓരോ വേനല്‍ക്കാലവും കുടിച്ചു തീര്‍ക്കാന്‍..
ഈ ഒരു തുള്ളി തണുപ്പ് മതി..
നന്ദി..എന്റെ കൂട്ടുകാരാ...
ചിലപ്പോള്‍ പ്രണയം ഇങ്ങനെയുമുണ്ട്...
നമുക്കിടയിലെതുപോലെ...
നഷ്ടപ്പെടുന്നവ...

2011, ഒക്‌ടോബർ 19, ബുധനാഴ്‌ച

നിറയെ പൂത്ത കൊന്നമരം പോലെ
കാഴ്ചകള്‍ നിത്യം പെയ്യുന്നു...
ചിതറിതെറിച്ചു
ഇലത്തുമ്പില്‍ ഒരു തുള്ളി ബാക്കിയാക്കുന്ന
മഴയെപ്പോലെ...
കാഴ്ചകളില്‍ ചിലത്
ഒരോര്‍മ നനവായി...
ചില കാണാക്കാഴ്ചകള്‍
ഒരു സ്വപ്നപൂത്തിരിയായി...
എന്നിട്ടും; ചിലത്..
തണുപ്പും ചൂടുമായി അവശേഷിക്കാതെ ..
കണ്ണില്‍ കത്തിയാളുന്നു...
ഈ തീക്കാഴ്ച്ചയുടെ പുകമറയില്‍..
എന്‍റെ ഇന്നലെകളുടെ പുഴ കുടിച്ചു
ഞാന്‍ ദാഹം തീര്‍ക്കുന്നു...
നാളെകളിലെ കൊന്ന തണുപ്പ് ഒട്ടി
ഇന്നത്തെ പൊള്ളലില്‍ നിന്നും
രക്ഷനേടുന്നു...
ഇന്നലെകളും നാളെകളും
ഒരുമിച്ച് സൃഷ്‌ടിച്ച ശൂന്യതയില്‍..
എന്നെയും കാണാതായി..
ഇന്നില്‍ ഒരു നിഴല്‍ മാത്രമേ ബാക്കി...
എനിക്ക് ചുറ്റും ..
വാക്കുകളുടെ കുത്തൊഴുക്ക്...
ഇടയിലെവിടെയോ അന്യമാക്കപ്പെട്ട
അര്‍ത്ഥഭേദങ്ങള്‍....തിരിച്ചറിയപ്പെടാതെ...
ആകാശവും പൂക്കളും നക്ഷത്രങ്ങളും ഇല്ലാതെ...
കിനാവുകള്‍ ശൂന്യമാകുന്നു...
നമുക്കിനി വാക്കുകളിലേക്കു രക്ഷപ്പെടാം...

മഴ

രണ്ടു കെട്ടിടങ്ങള്‍ ഇടയില്‍ തീര്‍ത്ത വിസ്താരത്തില്‍
ഇത്തിരി നീളത്തില്‍
പെയ്തു തുടങ്ങുകയായിരുന്നു മഴ അപ്പോള്‍...

ഒന്ന് പരന്നു ഒഴുകനാവാതെ
ചാലുകളായി കെട്ടിനില്‍ക്കുന്ന
മഴവെള്ളത്തെ കണ്ടു
ഒരു പരിസ്ഥിതി വാദി കെട്ടിടങ്ങള്‍ക്ക് നേരെ
ശാപവാക്കുകള്‍ ഉതിര്‍ത്തു...

മഴവെള്ളത്തിന്റെ നിസ്സഹായാവസ്ഥ കണ്ടു
ഏതോ കവി ചാലുകളായി കണ്ണുനീരും ഒപ്പം
ഒരു കവിതയും
ഒരു കീരക്കടലാസില്‍ കുതിര്‍ത്തു വച്ചു...

നാളത്തെ ക്ലാസ്സ്‌ ടെസ്റിന് ഉറക്കമിളച്ചു
പഠിക്കുകയായിരുന്ന കുട്ടി
ജനലിലൂടെ പുസ്തകത്തെ നനക്കുന്ന
മഴയ്ക്ക് നേരെ ജാലകപ്പാളികള്‍ കൊട്ടിയടച്ചു...

സീരിയലിനിടയില്‍ രസംകൊല്ലിയായി
വന്ന മിന്നലിന്റെ വെളിച്ചത്തില്‍
പണ്ടിരയത്ത് ഒഴുക്കിയ കടലാസുതോണികള്‍
കണ്ടു മുത്തശ്ശി എന്തിനോ നെടുവീര്‍പ്പിട്ടു...

ഇതൊന്നും കേട്ടോ കേള്‍ക്കാതെയോ...
അറിഞ്ഞോ..അറിയാതെയോ..
മഴ ഇപ്പോഴും പെയ്യുകയാണ്...
നനഞ്ഞിറങ്ങിയ ഒരു തണുത്ത നിറമായി
നീ എന്തിനാന്നെന്നിലേക്ക്
ഇത്ര വേഗം പടര്‍ന്നത്....?
ഒന്ന് മായ്ച്ചു കളയാന്‍ പോലും തോന്നിപ്പിക്കാതെ
ഞാന്‍ എന്തിനോ അതെന്‍റെ സൂര്യ നിറമാക്കി...

പക്ഷെ...
നമുക്കറിയാം...
നാമിരുവരും
നിസ്സഹായതയുടെ തോണി തുമ്പത്ത്...
നമുക്കിടയിലെ വഴികള്‍
നടന്നു തീര്‍ക്കാവുന്നതല്ല...
ഒരു കാലടി വച്ചാല്‍ മതി
വഞ്ചിയാടിയുലഞ്ഞെക്കാം...
നഷ്ടങ്ങളുടെ മാറാപ്പുകള്‍
നമുക്കൊരു ഭാരമാകാതിരിക്കാന്‍
നമുക്ക് നഷ്ടപ്പെടുത്താം..
നമ്മെത്തന്നെ...
അടിവരയിട്ട നിര്‍വചനങ്ങളില്‍ ...
ലോകം കേള്‍ക്കെ നാം പറയുന്ന
വാക്കുകളില്‍ ..
നമുക്ക് നഷ്ടപ്പെടുത്താം ..
നമുക്കിടയിലെ എന്തോ ഒന്നിനെ...